ഞാന്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ ഈ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിക്കുന്ന പിള്ളേരുടെ സര്‍ഗശേഷി ഉദ്ധരിക്കാന്‍ വേണ്ടി എല്ലാ ആഴ്ചയും അവിടെ പിള്ളേരെ വച്ച് ഒരു മത്സരം ഉണ്ടാവും. ഒന്ന് തൊട്ടു അഞ്ചാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് ഒരു വിഭാഗവും അതിനു മുകളില്‍ ആറു തൊട്ടു പന്ത്രണ്ടു വരെയുള്ള മുതിര്‍ന്ന പൌരന്മാര്‍ക്ക് മറ്റൊരു വിഭാഗവും. മുതിര്‍ന്ന പൌരന്മാര്‍ എന്ന് വച്ചാല്‍ പൊടിമീശയോക്കെ വന്നു തുടങ്ങിയവര്‍ തൊട്ടു നിക്കറില്‍ നിന്ന് പാന്റിലേക്ക് സ്ഥാനകയറ്റം ലഭിച്ച ചുണക്കുട്ടന്മാര് വരെ. വോട്ടവകാശം ലഭിച്ച പൌരന്മാര്‍ !! നിക്കറിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ വന്നത് ഞങ്ങളുടെ സ്കൂള്‍ എന്ന് വച്ചാല്‍ അടിമുടി മിക്സഡ് ആണ്. ഒന്ന് തൊട്ടു പന്ത്രണ്ടു വരെയും..അപ്പോള്‍ പിന്നെ പൌരികളും പെടും ഈ കൂട്ടത്തില്‍. അതായത് നിക്കര്‍ മാത്രമല്ല പാവാടയും ഉണ്ടെന്നര്‍ത്ഥം! ഈ പെണ്‍പിള്ളേര് പലരും അല്ല മിക്കവാറും തന്നെ പഠനം പണ്ടാരം എന്ന് പറഞ്ഞു നടന്നത് കൊണ്ട് വളരെ കുറച്ചു പേരെ ആണ്‍കുട്ടികളെ പോലെ ദേഹമനങ്ങി കല-കായിക രംഗങ്ങളിലേക്ക് വരാറുള്ളൂ. അപ്പോള്‍ പറഞ്ഞു വന്നത് ആറിനു മുകളിലുള്ള ക്ലാസ്സുകളില്‍ മാത്രം ആണ് അന്ന് വോട്ടവകാശം. അത് കൊണ്ടാണ് മുതിര്‍ന്ന പൌരന്മാര്‍ എന്ന് വിളിച്ചത്!! രാഷ്ട്രീയമില്ലാത്ത ആ തിരെഞ്ഞെടുപ്പുകള്‍ക്ക് അതിന്റേതായ രസമുണ്ടായിരുന്നു. അതിന്റെ കഥകള്‍ പിന്നീടൊരിക്കല്‍ പറയാം. ഇപ്പൊ നമുക്ക് സര്‍ഗശേഷിയിലേക്ക് മടങ്ങി വരാം.
അപ്പോള്‍ ഈ സര്‍ഗശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങുന്നത് എല്ലാ ശനിയാഴ്ചയും അവാസാനത്തെ രണ്ടു പീരിയഡില്‍ നടക്കുന്ന സീ സീ എ എന്നാ പരിപാടി കൊണ്ടായിരുന്നു. അതായത് കോ-കരിക്കുലര്‍ ആക്ടിവിറ്റീസ്. ഇതിന്റെ ഒരു രീതി എങ്ങനെ ആണെന്ന് വച്ചാല്‍ ആകെ മൊത്തം ഉള്ള കുട്ടികളെ (കുട്ടികള്‍ എന്ന് അധ്യാപകര്‍ക്ക് തോന്നുന്നതാ..വെറുതെ...ഏതൊക്കെ തരാം വിത്തുകള്‍ ഉണ്ടെന്നറിയാമോ!!) എല്ലാം കൂടെ നാലായി തരാം തിരിക്കും. നാല് ഹൗസുകള്‍...അശോക, ശിവാജി, രാമന്‍, ടാഗോര്‍ . ഇതെന്താ ഇങ്ങനെ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ശ്രീരാമന്‍ രാമായണത്തിലെ നമ്മുടെ മാതൃകാ ഭരണകര്‍ത്താവ്, അശോകന്‍ വലിയ ചക്രവര്‍ത്തി, ശിവാജിയും വലിയ പോരാളി..അപ്പൊ ഈ ടാഗോര്‍ മാത്രം എങ്ങനെ ഇവരുടെ കൂടെ വന്നു പെട്ടു എന്നറിയില്ല. ഭാഗ്യം ഞങ്ങള്‍ പഠിച്ചിരുന്നപ്പോള്‍ ശിവാജി സിനിമയും ഹരിശ്രീ അശോകനും ഒന്നും ഇല്ലാതിരുന്നത്!!
എല്ലാ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഓരോ ക്ലാസ്സിലെയും പിള്ളേരെ (ഹും..പിള്ളേര്!!) അതാതു ക്ലാസിലെ ക്ലാസ്സ് ടീച്ചര്‍മാര്‍ ചേര്‍ന്ന് നാല് ഹൗസില്‍ ആക്കി വെക്കും. എന്നിട്ട് ഒരു ഹൗസ് മീറ്റിംഗ് വിളിച്ചു കൂട്ടി നേതാക്കന്മാരെ തിരഞ്ഞെടുക്കും. മൊത്തത്തില്‍ ഒരു നേതാവ്, പിന്നെ കലക്കൊന്നു, കായികത്തിനു ഒന്ന് എന്നാ കണക്കില്‍. പിന്നെ ഒരു വര്‍ഷത്തെ പരിപാടികള്‍ തുടങ്ങും. ഞങ്ങളുടെ സ്കൂളില്‍ പണ്ടേ മലയാളം വര്‍ജ്യം ആയതു കൊണ്ട് എല്ലാത്തിനും ഇംഗ്ലീഷ് പേരുണ്ടായിരുന്നു..സോളോ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, എലോക്യൂഷന്‍, ഡാന്‍സ്, മോണോ ആക്ട്, സ്കിറ്റ്, അങ്ങനെ നീണ്ടു കിടക്കുന്ന പരിപാടികള്‍.
ഞാന്‍ സ്കൂളില്‍ നിന്ന് റിട്ടയര്‍ ആവുന്ന വര്‍ഷം അതായത് പന്ത്രണ്ടാം ക്ലാസ്സില്‍ ഇങ്ങനെ വെറുതെ ഇരിക്കുന്ന സമയം (പഠിക്കാന്‍ പോയിരുന്നു എന്നാണു വയ്പ്പ്..എവിടെ!!) എപ്പോഴോ ആരുടെയൊക്കെയോ കഷ്ടകാലം കൊണ്ട് ശിവാജി ഹൌസിന്റെ കരുണാകരന്‍ എന്ന് വച്ചാല്‍ ലീഡര്‍ ആയിരുന്നു. എനിക്ക് മുരളിയില്ലാതിരുന്നത് കൊണ്ട് മാത്രം ഞാന്‍ കരിങ്കാലി, സ്വജനപക്ഷപാതം തുടങ്ങിയ പണികള്‍ നടത്തിയിരുന്നില്ല എന്ന് മാത്രം വിചാരിക്കരുത്. ആവശ്യത്തിനു ചെന്നിത്തല, കാര്‍ത്തികേയന്‍ വര്‍ഗ്ഗത്തില്‍ പെട്ട ആളുകള്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഒരു വലിയ വീടിന്റെ (ഹൗസ്) ഭാരം മുഴുവന്‍ എന്റെ ചുമലില്‍ ആയിരുന്നു. എന്റെ വളരെ വിശ്വസ്തനായ ചെന്നിത്തല ഊട്ട സജീവായിരുന്നു ഈ കലാപരിപാടികളുടെ എല്ലാം നടത്തിപ്പുകാരന്‍. ഊട്ട എന്നത് ഞങ്ങള്‍ അറിഞ്ഞു നല്‍കിയ സ്ഥാന പേരാണ്! കാരണം അവന്റെ കയ്യിലിരിപ്പ് തന്നെ!!
ഒരു വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ കുത്തിത്തിരിപ്പ് നടത്തിയാല്‍ അല്ലെ നമുക്ക് വര്‍ഷം മുഴുവന്‍ അത് ചെയ്യാനുള്ള ഒരു ആത്മവിശ്വാസം ഉണ്ടാവും. അതുകൊണ്ട് അധ്യയന വര്‍ഷം തുടക്കത്തിലെ ആദ്യ പരിപാടിയായ സോളോ സോങ്ങില്‍ തന്നെ ഞങ്ങള്‍ പണി തുടങ്ങി. ഞങ്ങളുടെ ഹൗസിന്റെ സെലക്ഷന്‍ കഴിയാറായി. നന്നായി പാടാന്‍ കഴിവുള്ള കുറച്ചു നല്ല പിള്ളേരെ തിരഞ്ഞെടുത്തു. അപ്പോഴാണ് ഗിരിഷിനു പാടാന്‍ മുട്ടുന്നത്!! ഗിരിഷ് ഒരു പാവം ആയതുകൊണ്ടും അതിലുപരി ഞങ്ങളുടെ സുഹൃത്തായതു കൊണ്ടും പിന്നെ സ്വജനപക്ഷപാതം എന്ന് പറയുന്നത് ഞങ്ങള്‍ പാവങ്ങള്‍ക്ക് എന്താണെന്ന് അറിയാത്തത് കൊണ്ടും ഞാനും ഊട്ടയും കൂടി ആലോചിച്ചു നന്നായി പാടുന്ന ഒരു പെങ്കൊച്ചിനെ പുറത്താക്കി എന്നിട്ട് ഗിരിഷിനെ കയറ്റി വിട്ടു. അവന്റെ ആഗ്രഹം അവന്‍ ഒരു ഹിന്ദി പാട്ട് പാടി സാധിച്ചു. അവന്‍ ഹാപ്പി. ഞങ്ങള്‍ ഹാപ്പിയോ ഹാപ്പി. അവന്‍ പാടി കുളമാക്കിയെങ്കിലും സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും തുടക്കം തന്നെ ഗംഭീരമായി എന്ന് ഞങ്ങള്‍ ആശ്വസിച്ചു. സ്കൂളില്‍ പഠിച്ചിരുന്ന കാലം ആയതു കൊണ്ട് വെറും സോഡാ നാരങ്ങാ വെള്ളം കുടിച്ചു കഴിഞ്ഞാല്‍ തന്നെ തലയ്ക്കു പിടിക്കുന്നത് കൊണ്ടും ഞങ്ങള്‍ അത് ആഘോഷിച്ചു. ടച്ചിങ്ങ്സിന് ആസ് യൂഷ്വല്‍ ബര്‍ഗര്‍ അല്ലെങ്കില്‍ പഫ്സ് അല്ലെങ്കില്‍ സമൂസയും കഴിച്ചു.
അടുത്തത് ഗ്രൂപ്പ് സോങ്ങായിരുന്നു. അതില്‍ പിന്നെ പാടാന്‍ അറിയാവുന്ന ആളുകള്‍ ഒത്തിരി ഉണ്ടായിരുന്നത് കൊണ്ട് ഞാനൊക്കെ കയറി പാടേണ്ടി വന്നു. അതിന്റെ ഫലമായി ഞങ്ങള്‍ക്ക് നാലാം സ്ഥാനം ലഭിച്ചു. ഭാഗ്യം ആകെ നാല് ടീമുകള്‍ മാത്രം ഉണ്ടായത്. അല്ലെങ്കില്‍ കാണാമായിരുന്നു.
കുറെ മത്സരങ്ങള്‍ കഴിഞ്ഞു പോയി. ഞങ്ങള്‍ തോറ്റു തുന്നം പാടി നില്‍ക്കുന്ന അവസ്ഥ. അങ്ങനെ കുറെയേറെ പരിപാടികള്‍ കഴിഞ്ഞപ്പോഴാണ് നാടകം നടത്താനുള്ള സമയം വന്നത്!! ഗ്രൂപ്പ് ഐറ്റം ആണ്. മാര്‍ക്ക് കൂടുതല്‍ കിട്ടും. അപ്പോള്‍ ഇതില്‍ തന്നെ പിടിച്ചു കയറാം. നാടകം ഞരമ്പില്‍ ഉള്ള ഊട്ട തന്നെ അതിനു മുന്‍കൈ എടുത്തു. അവനു പണ്ടേ ഒരു ഞരമ്പ് കൂടുതല്‍ ആണ്. ഒരു നട്ടുച്ചയ്ക്ക് അടുത്ത കടയിലെ സിപ്പപ്പും ബണ്ണിന്റെ നടുവില്‍ ചിക്കന്‍ കട്ട്ലെറ്റ് വച്ച് ബര്‍ഗര്‍ ആക്കി കഴിച്ചു കൊണ്ട് തല പുകഞ്ഞാലോചിച്ചു. കട്ട്ലെട്ടും സിപ്പപ്പും തീര്ന്നതല്ലാതെ ഐഡിയ ഒന്നും തലയില്‍ കയറി ഇല്ല. എല്ലാവരും എല്ലാ വര്‍ഷവും ചെയ്യുന്ന നാടകങ്ങളില്‍ നിന്നും വ്യതസ്തമായിരിക്കണം! അത് മാത്രമായിരുന്നു ചിന്ത. ഒടുവില്‍ കോളേജില്‍ പഠിക്കുന്ന ചേച്ചിയോട് ചോദിച്ചിട്ട് വരാം എന്ന് ഊട്ട പറഞ്ഞതോടെ ഞങ്ങള്‍ യോഗം അവസാനിപിച്ചു പിരിഞ്ഞു.
പിറ്റേന്ന് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു അവന്റെ ചേച്ചിക്ക് പഠിക്കാനുള്ള ഇംഗ്ലീഷ് നാടകം ഉണ്ട് ജൂലിയസ് സീസറിന്റെ കഥ. അതില്‍ സീസറിനെ സ്വന്തം ആളുകള്‍ എല്ലാവരും കൂടി കൊല്ലുന്ന ഭാഗം അവതരിപ്പിക്കാം എന്ന് പറഞ്ഞു. ഇത് കൊള്ളാം. നാടകം അതും ഷേക്സ്പിയര്‍ !! വല്ലതുമൊക്കെ നടക്കും. അതോടെ എല്ലാവര്ക്കും ആവേശമായി.
ആവേശം കൊണ്ട് നാടകം നടക്കില്ല എന്ന് രണ്ടു ദിവസം കൊണ്ട് മനസ്സിലായി. ഒന്നാമതു ഈ ഷേക്സ്പിയര്‍ എന്ന മോശകോടന്‍ എഴുതി വച്ചിരിക്കുന്ന ഭാഷ. ഇത് ഇംഗ്ലീഷ് ആണോ അതോ വേറെ വല്ലതും ആണോ. എന്തൊരു കട്ടി!! കാലമാടന്‍ ചുമ്മാ ആക്ട് മൂന്നു സീന്‍ ഒന്ന് എന്നൊക്കെ എഴുതിയിട്ട് അതിന്റെ അടിയില്‍ ഒരു മാതിരി കൊറേ കൊനഷ്ട്ടു പിടിച്ച കൊറേ ഇംഗ്ലീഷും. നാടകം ആണ് പോലും നാടകം!! ഇതിനേക്കാള്‍ നല്ല നാടകങ്ങള്‍ ഞങ്ങളുടെ തോപ്പില്‍ ഭാസി എഴുതിയിട്ടുണ്ട്.
"ആരാ ഈ തോപ്പില്‍ ഭാസി?"
"അത് മലയാളത്തിലെ ഒരു എഴുത്തുകാരനാ ..വിട്ടു കള. "
"ഇനിയിപ്പോള്‍ എന്ത് ചെയ്യും?" ആകെ നാല് ദിവസം സമയം ഉണ്ട്. അതിന്റെ ഉള്ളില്‍ നാടകം ശരിയാകണം ഇല്ലെങ്കില്‍ ഞങ്ങള്‍ വിവരമറിയും. പോരാത്തതിന് നേരത്തെ പറഞ്ഞത് പോലെ ഇത് ഗ്രൂപ്പ് ഐറ്റം ആണ്. പോയിന്റ് കൂടുതല്‍ ഉണ്ട്. ഒരു മൂന്നാം സ്ഥാനം എങ്കിലും കിട്ടിയാലേ എന്തെങ്കിലും പോയിന്റ് കിട്ടൂ.
ആദ്യം തല പുകഞ്ഞാലോചിച്ചു. കുറെ കഴിഞ്ഞു ഞങ്ങള്‍ ആ തിരുമാനത്തില്‍ എത്തി. വെട്ടുക തന്നെ! അല്ലാതെ വേറെ പോംവഴി ഒന്നും ഇല്ല.
ശ്രീനിവാസന്റെ തിരകഥയില്‍ നവാഗത സംവിധായകനെ കൊണ്ട് സൂപ്പര്‍സ്റ്റാര്‍ തിരുത്തിച്ചത് പോലെ ഞാനും ഗിരിഷും ഊട്ടയും കൂടെ ഇരുന്നു ഷേക്സ്പിയര്‍ അണ്ണന്റെ നെഞ്ചത്ത് കയറി ഇരുന്നു തലങ്ങും വിലങ്ങും വെട്ടി നിരത്തി. ഒടുവില്‍ സീസര്‍ അണ്ണന്റെ റോം പറമ്പില്‍ തെങ്ങും കമുകും കപ്പയും ഒന്നും ഇല്ല വെറും കോരപുല്ല് മാത്രം ഉള്ള അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിച്ചു. ഷേക്സ്പിയര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ മൂന്നു പേരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. അതുറപ്പ്!
എല്ലാം കഴിഞ്ഞു സ്ക്രിപ്റ്റ് നോക്കിയപ്പോള്‍ എന്തോ ഒരു പന്തികേട്.
"ഡാ ഇതിപ്പം ഒരു മാതിരി മൈം പോലെ ആയല്ലോ?"
"മൈ..എന്നതാ?
"അയ്യേ..അതല്ല..മൈം!"
"അതെന്താടാ അങ്ങനെ പറയുന്നത്...ഒന്നും അല്ലേല്‍ ഷേക്സ്പിയര്‍ ഇത്ര വൃത്തികേടായിട്ടു എഴുതിയ കഥ നമ്മള്‍ ഇത്രയും നന്നാക്കിയെടുത്തില്ലേ ..ഒരു നാടകം ഒക്കെ കളിക്കാന്‍ പാകത്തിന് ?"
"അല്ല കട്ടിയുള്ള ഡയലോഗ് എന്നും പറഞ്ഞു കട്ട് ചെയ്തു കട്ട് ചെയ്തു ഇതിലിപ്പോള്‍ ഡയലോഗ് ഒന്നും കാണാന്‍ ഇല്ല."
"അപ്പം നമുക്ക് തന്നെ ഫസ്റ്റ് കിട്ടും."
"അതെങ്ങനെ?"
"നീ അവാര്‍ഡ് സിനിമ വല്ലതും കണ്ടിട്ടുണ്ടോ? അതിലും ഡയലോഗ് ഒന്നും ഉണ്ടാവാറില്ല. പക്ഷെ അതിലെ സംവിധായകന് മാത്രമല്ല സ്ക്രിപ്റ്റ് എഴുതിയവന് പോലും ചിലപ്പോള്‍ അവാര്‍ഡ് കിട്ടും. കഥാതന്തു ഉണ്ടെകില്‍ മതി."
"കഥാ.....ഒലക്കേടെ മൂട്....വേണ്ട വേണ്ട..തന്തക്കു വിളിപ്പിക്കല്ലേ....എടാ, അതിനു ഇവിടെ മാര്‍ക്കിടാന്‍ ഇരികുന്നത് അവാര്‍ഡ് കമ്മിറ്റി ആണോ. നമ്മുടെ ടീച്ചര്മാരല്ലേ?"
"അതെ, അവാര്‍ഡ് കമ്മിറ്റി പോലെയല്ല, അവര്‍ക്ക് വിവരം ഉണ്ട്!!"
"ഹും..അപ്പൊ ഇനി എന്ത് ചെയ്യും?"
"കുറച്ചു ഡയലോഗ് നമുക്ക് തന്നെ അങ്ങ് തിരുകി കയറ്റാം."
അങ്ങനെ ഷേക്സ്പിയര്‍ എന്ന മഹാനായ എഴുത്തുകാരന്‍ എത്രയോ നാളുകള്‍ കുത്തിയിരുന്നു എഴുതിയ മഹാകൃതി ഞങ്ങള്‍ തിരുത്തി. ഞങ്ങള്‍ തന്നെ വെട്ടിനിരത്തിയ ഷേക്സ്പിയര്‍ പാടത്ത് ഞങ്ങള്‍ തന്നെ വിളവിറക്കി. (വിളവിറക്കാന്‍ ഞങ്ങള്‍ പണ്ടേ മിടുക്കന്മാരാണ്...). കുറച്ചു വാഴ, കുറച്ചു തേങ്ങ ഇങ്ങനെ പലതും മിക്സ് ചെയ്തു നട്ടു കഴിഞ്ഞപ്പോഴേക്കും പിന്നെ ആകെ ബാക്കിയുള്ളത് 3 ദിവസം.
ആദ്യത്തെ ദിവസം പ്രാക്ടീസ് ചെയ്തു കഴിഞ്ഞപ്പോഴേക്കും ആകെ ഒരു ആത്മവിശ്വാസം വന്നു. ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം. അങ്ങനെ ഡയലോഗ് പഠിത്തവും പ്രാക്ടീസും മുറയ്ക്ക് നടക്കുന്നതിന്റെ ഇടക്കാണ് പെട്ടന്ന് ഗിരിഷിനു ബോധം വന്നത്. അവനിടക്കിടക്ക് വന്നും പോയിയും ഇരിക്കുന്ന ഒരു സാധനം ആയതു കൊണ്ട് ഞങ്ങള്‍ അധികം ശ്രദ്ധിച്ചില്ല.
"ഡാ..ഒരു പ്രശ്നം ഉണ്ട്!"
"നിനക്ക് വീട്ടില്‍ പോകണോ..പൊയ്ക്കോ!"
"അതല്ല..ഡാ നമ്മള്‍ ഒരു കാര്യം വിട്ടു പോയി!"
"ഏയ്.....ഇനി ഇതില്‍ ഡയലോഗ് ചേര്‍ക്കാന്‍ പറ്റില്ല!!"
"ഛെ...അതല്ല..നമ്മള്‍ കൊസ്ട്യൂമിന്റെ കാര്യം മറന്നു!"
ഠിം!!...ഇടിവെട്ടി...മഴ പെയ്തു...മഴ വരുന്നോ എന്ന് നോക്കാന്‍ തല പോക്കിനോക്കിയവന്റെ മുഖത്ത് കാക്ക തൂറിയ അവസ്ഥ പോലെയായി. അതുവരെ വിചാരിച്ചിരുന്നത് ഞങ്ങള്‍ പാന്റും ഷര്‍ട്ടും ഒക്കെ ഇട്ടു സീസര്‍ കളിക്കും എന്നാ. ഇങ്ങനെ ഒരു കാര്യം ആലോചിച്ചു പോലും ഇല്ല. ഇതിപ്പം പുരാണ നാടകത്തിനു രാവണന്‍ ജീന്‍സ് ഇട്ടു വന്ന അവസ്ഥ ആവുമോ? ഈ ജൂലിയസ് സീസര്‍ തുണി ഉടുതിരുന്നോ എന്ന് പോലും ആലോചികാതെയാണ് ഇതിനു ഇറങ്ങി പുറപ്പെട്ടത്. ഇനി എന്തൊക്കെ ഉണ്ടാവും എന്റെ കര്‍ത്താവേ?
അന്ന് ഗൂഗിള്‍, ഇന്റര്‍നെറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട് പണ്ട് റോമിലെ രാജാവും പരിവാരങ്ങളും എന്ത് വേഷം ആണ് ധരിക്കുന്നത് എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ആകെ കണ്‍ഫ്യൂഷന്‍. ഇന്നാണെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ട്. സ്കൂളിന് വെബ്സൈറ്റ് വരെ ഉണ്ട്. പിള്ളേര്‍ക്ക് ഇ-പത്രം വരെ ഉണ്ട്. അന്നൊക്കെ വിവരം അറിയണമെങ്കില്‍ ആകെയുള്ളത് ആ മുക്കിലെ ലൈബ്രറി എന്ന മുറിയാണ്. ഇപ്പോഴും സ്കൂളില്‍ അതൊക്കെ ഉണ്ടോ എന്തോ? അവിടെ ആകെ പോയിരുന്നത് ഒരു കാലത്ത് ടീച്ചര്മാരെല്ലാം കൂടെ നിര്‍ബന്ധിച്ചു കൊണ്ടിരുത്തിയ സമയത്ത് മാത്രം ആയിരുന്നു. ലൈബ്രറി തുറന്നു അകത്തു കയറി. വിവരങ്ങള്‍ അറിയുവാന്‍ അവിടെ പൊടിപിടിച്ചു കിടന്നിരുന്ന എന്‍സൈക്ലോപീടിക തിരിച്ചും മറച്ചും നോക്കിയപ്പോള്‍ കണ്ടു ജൂലിയസ് സീസറിന്റെ പടം, പ്രതിമ!
"അയ്യേ..ഇങ്ങേരു പാവാട ആണോ ഉടുത്തിരുന്നത്? "
ഇത് ഇങ്ങനെ ഒരു മാരണത്തില്‍ ചെന്ന് അവസാനിക്കും എന്ന് കരുതിയതെ ഇല്ല. ഇനി എന്ത് ചെയ്യും? പാവാടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഇവിടുത്തെ യുവകോമള സുന്ദരന്മാര് സമ്മതിക്കുമോ..എവിടെ?
"ഡേയ് അത് പാവാട ഒന്നും അല്ല..റോമാക്കാരുടെ വേഷം ആണ്. ദേ ഇവിടെ എഴുതി വച്ചിട്ടുണ്ട്. മുകളില്‍ ഇട്ടിരിക്കുന്നത് ടുനിക്, പിന്നെ ആ പുതപ്പു പോലെയുള്ളത് ടോഗ. അടിയില്‍ ഒരു പാവാട പോലത്തെ വസ്ത്രം. ഒരു പാവാട ഉടുത്തു അതിന്റെ മുകളില്‍ ഒരു പുതപ്പു പുതച്ചു നിന്നാല്‍ നമ്മുടെ സംഗതി ഒക്കെയായി."
"പാവാട ഉടുക്കാനൊന്നും എന്നെ കിട്ടില്ല!" സീസര്‍ രാജി കത്തെഴുതി തുടങ്ങി.
"എന്നെയും.."
"എന്നെയും..."
"എന്നാല്‍ പിന്നെ നമുക്ക് ജീന്‍സും ടി-ഷര്‍ട്ടും ഇട്ടു വരാം..എന്തെ? ഡേയ്..ഇനി നാടകം മാറ്റാന്‍ ഒന്നും സമയം ഇല്ല..പാവാട തന്നെ ശരണം. പക്ഷെ നമ്മള്‍ പാവാട ആണ് ഉടുക്കുന്നത് എന്ന് നാടകം നടക്കുന്നത് വരെ ആരും അറിയരുത്. ഇല്ലെങ്കില്‍ സ്റ്റേജില്‍ കയറുമ്പോള്‍ തുടങ്ങി പിള്ളേര് കൂവി കുളമാക്കും! "
"പക്ഷെ പാവാട എവിടെ നിന്ന് കിട്ടും? അതും ഇത്രയും എണ്ണം? "
"ചേച്ചിടെ പഴയതുണ്ട്...പിന്നെ നിന്റെ പെങ്ങളുടെ ഒരെണ്ണം.."
"എന്റെ അനിയത്തിടെ എടുക്കാം..."
അങ്ങനെ പാവടയുടെയും പുതപ്പിന്റെയും എണ്ണം ഒപ്പിച്ചു. നന്നായി പരിശീലിച്ചു ശനിയാഴ്ച രാവിലെ ആക്കി. ഉച്ച വരെയും ടെന്‍ഷന്‍ ആയിരുന്നു. ആദ്യമായി ഒരു പാവാട ഉടുക്കാന്‍ പോകുന്നതിന്റെ.
ഉച്ച കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ കൂടി. കിട്ടിയ പാവടകള്‍ പലതും ഞങ്ങളെക്കാള്‍ ഇളയതായത് കൊണ്ട് ഫിറ്റ് ആവുന്നില്ല. ഒടുവില്‍ കയറും കമ്പിയും കെട്ടി ഒരു വിധം അഡ്ജസ്റ്റ് ചെയ്തു സ്ടേജില്‍ കയറി. പത്തെഴുന്നുറു പിള്ളേരുടെ മുന്നിലേക്ക് പാവാട അതും കമ്പിയിട്ട് ഉടക്കിവച്ചിരിക്കുന്നത് ഇട്ടു കൊണ്ട് കയറുന്നത് ആലോചിച്ചപ്പോള്‍ തന്നെ പവടക്കുളില്‍ മുട്ടിടിച്ചു. വള്ളി എപ്പോ പൊട്ടി എന്ന് ചോദിച്ചാല്‍ മതി എന്ന അവസ്ഥ. സ്കൂളിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് പാവാട അഴിഞ്ഞു റോമാ സാമ്രാജ്യം മൊത്തം എപ്പോ വേണേലും കാണാം എന്ന അവസ്ഥ വന്നാല്‍ ?.
കാത്തുനിന്ന മുഹൂര്‍ത്തം വന്നു. ആക്ട് മൂന്നു സീന്‍ ഒന്ന്.സീസറിനെ പ്രിയതമ എങ്ങോട്ടോ യാത്ര അയക്കുന്നു. അദ്ദേഹത്തെ കൂട്ടികൊണ്ട് പോകുവാനായി ഉറ്റ സുഹൃത്ത് ബ്രുടസ് കുറെ പേരുമായി വരുന്നു. ബ്രുട്ടസിന്റെ ആദ്യത്തെ ഡയലോഗ് സീസരിനോട് ഗുഡ് മോര്‍ണിംഗ് പറയുക എന്നാണു.
സീസര്‍ പാവടയുടെയും പുതപ്പിന്റെയും നടുക്ക് ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. മറ്റൊരു പാവാടയില്‍ ബ്രുട്ടസ്സും കൂടെ മറ്റു കുറെ ചോദ്യചിഹ്നങ്ങളും കടന്നു വരുന്നു. സ്റ്റേജിന്‍റെ പടി കടക്കുന്നതിനു മുന്‍പ് ബ്രുട്ട്ടസ് പാവടയെ ഒന്നുകൂടെ വലിച്ചു നോക്കുന്നു. ഏയ്..ഇതുവരെ കുഴപ്പം ഒന്നുമില്ല. ചതിക്കരുതേ എന്റെ റോമന്‍കാവിലെ ഭഗവതി എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് ബ്രുട്ടസ്സും ചെറിയ പാവാടയില്‍ ഒരു വലിയ കാഷിയസ്സും, കമ്പിയില്‍ ഉറച്ചു കൊണ്ട് ഒരു കാസ്കയും കടന്നു വരുന്നു.
ഡയലോഗ്! ബ്രുട്ടസിന്റെ മനസ്സില്‍ ഒരു നൂറു കൂട്ടമണിയടിച്ചു.
അതെ ഡയലോഗ്! പാവടയെ പറ്റി ഓര്‍ത്തു നിന്ന് സ്റ്റേജില്‍ ഡയലോഗ് പറയാന്‍ മറക്കരുത്. ഒന്നും ആലോചിക്കാതെ സീസറിന്റെ മുഖം അടച്ചു പറഞ്ഞു ആദ്യത്തെ ഡയലോഗ്. ഒരു ഉശിരന്‍ ഗുഡ് മോര്‍ണിംഗ്! പറഞ്ഞു കഴിഞ്ഞപ്പോഴാണ് സീസറിന്റെ മുഖം ശ്രദ്ധിച്ചത്. ആകെ ഒരു വൈക്ലബ്യം. കലമുടച്ചല്ലോ എന്ന ലക്ഷണം.
ധൈര്യം സംഭരിച്ച് സീസര്‍ തിരിച്ചടിച്ചു...
ഹും..ഗുഡ് മോര്‍ണിംഗ് ഗുഡ് മോര്‍ണിംഗ്...ഒരു മാതിരി സുരേഷ് ഗോപി സല്യൂട്ട് അടിക്കുമ്പോള്‍ കള്ളനായ മേലുദ്യോഗസ്ഥനായ രാജന്‍ പീ ദേവ് തിരിച്ചു പറയുന്ന പോലെ. എവിടെയോ ഒരു നല്ല സ്പെല്ലിംഗ് മിസ്ടേക്ക്.
ഫ!..പുല്ലേ..ഡയലോഗ് തെറ്റിക്കല്ലേ എന്നാണു ബ്രുട്ടസിനു സീസറിനോട് പറയാന്‍ തോന്നിയത്. പക്ഷെ നാടകം അല്ലെ? സ്റ്റേജ് അല്ലെ? എന്ത് ചെയ്യും. ഇനി വീണ്ടും ബ്രുട്ടസിന്റെ ഊഴം ആണ്. മനസ്സില്‍ ഒന്നുകൂടെ ഊട്ടയുടെ സ്ക്രിപ്റ്റ് ഓടിച്ചു നോക്കി. ലത് തന്നെ! പിടികിട്ടി! പാവം സീസറിന്റെ ശോചനീയാവസ്ഥ മനസ്സില്ലായത് അപ്പോഴാണ് .
ബ്രുട്ടസ് സീസറിനോട് ഗുഡ് മോര്‍ണിംഗ് സീസര്‍ എന്ന് പറയുന്നു...സീസര്‍ തിരിച്ചു ഗുഡ് മോര്‍ണിംഗ് ബ്രുട്ടസ് എന്ന് പറയുന്നു. ഇത് ഒറിജിനല്‍ സ്ക്രിപ്റ്റ്! സ്ക്രിപ്റ്റില്‍ തൂങ്ങുന്നതിനു പകരം പാവാടയില്‍ തൂങ്ങി ബ്രുട്ടസ് കടന്നു ചെന്ന് സീസറിന്റെ മുഖം നോക്കി പറഞ്ഞതോ?
"ഗുഡ് മോര്‍ണിംഗ് ബ്രുട്ടസ്!"
അത് സീസര്‍ തിരിച്ചു പറയേണ്ട ഡയലോഗ് ആണ്. ബ്രുട്ടസ് ഒരു മുഴം മുന്‍പേ എറിഞ്ഞത് കൊണ്ടാണ് ആ നിമിഷം സീസര്‍ മരിക്കുന്നതിനു മുന്‍പേ ഞെട്ടി തരിച്ചു നിന്നത്! ഈ സത്യം പക്ഷെ ആകെ മനസ്സിലായത് സീസറിനും ബ്രുട്ടസിന്നും മാത്രം. കൂടെയുള്ളവര്‍ക്കും കണ്ടിരിക്കുന്നവര്‍ക്കും ഒക്കെ ശ്രദ്ധ പാവാടയില്‍ ആയിരുന്നത് കൊണ്ട് ആരും അറിഞ്ഞില്ല!
ശേഷം നാടകം ഒരു വിധം തീര്‍ത്തു. സീസറിനെ ഒരുവിധം കുത്തിമലര്‍ത്തി. ബ്രുട്ടസ്സിന്റെ പിന്നില്‍ നിന്നുമുള്ള കുത്തേറ്റു സീസര്‍ വീഴുന്ന കാഴ്ച അതിമനോഹരമായിരുന്നു. ആ ഒരു സീന്‍ മാത്രം മതിയായിരുന്നു ഞങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാന്‍. പ്രാക്ടീസ് സമയത്ത് ചുമ്മാ പോലും വീഴാന്‍ മടിച്ചു നിന്ന ഗിരിഷ് സീസറിന്റെ മരണം അതിസുന്ദരം ആക്കി മലര്‍ന്നടിച്ചു വീഴുന്നത്. വീഴുന്നതിന്റെ കൂടെ "യു ടൂ ബ്രുട്ടസ് എന്ന് എന്റെ മുഖത്തേക്ക് നോക്കി പറയുന്നതും ചോര പുരണ്ട കത്തികള്‍ ഞങ്ങളുടെ കൈകളില്‍ വന്നതും എല്ലാം ആ അവസാന സീനില്‍ ആയിരുന്നു. അതെ അവന്‍ ഞാന്‍ ഡയലോഗ് തെറ്റിച്ചത് കണ്ടു പേടിച്ചു വിറച്ചു യു ടൂ ബ്രുട്ടസ് എന്ന് എന്നെ നോക്കിക്കൊണ്ട് സത്യമായിട്ടും ബോധം കേട്ട് വീണതായിരിക്കും. എന്തൊക്കെയായാലും അന്ന് ഞങ്ങള്‍ക്ക് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. അന്ന് പാവാട ഇട്ടു നാടകം കളിച്ചതോടെ സ്റ്റേജ്, മൈക്ക് തുടങ്ങിയവയോടുള്ള പേടി സ്ഥിരമായി മാറി. പിന്നെ പല പല വേദികളില്‍ കയറാന്‍ ഒരു നാണവും ഉണ്ടായില്ല!
ഒരു ബാക്കിപത്രം പോലെ കുറെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആ വര്‍ഷം തന്നെ കൊച്ചിയിലെ ഒരു വേദിയില്‍ ഒരു ബീഡിയുടെ ആത്മകഥ മിമിക്സ് പരേഡ് ആയി കാണിച്ചു. ഡയലോഗ് ഇല്ലാതെ ബീടിപുകയുടെ പുറകെ ക്യാമറ പോകുന്നു. ചുറ്റും ഇരുട്ട്. കുളത്തില്‍ കല്ല് വീഴുന്ന ശബ്ദം മാത്രം. അതിലെ നായകന്റെ ചുണ്ടിലെ ബീഡി എറിഞ്ഞു തീരുന്നതിന്റെ കൂടെ കഥയും അവസാനിക്കുന്നു. സമ്മാനവും അവാര്‍ഡും ഒന്നും കിട്ടിയില്ലെങ്കില്ലും അവര്‍ക്കും കിട്ടി നല്ല കയ്യടി!!
പിന്നെ എറണാകുളം സെയിന്റ് ആല്‍ബര്‍ട്ട് കോളേജില്‍ ചേര്‍ന്നപ്പോള്‍ നാടകം കളിക്കണം എന്ന് ആഗ്രഹം തോന്നി. ചെന്ന് നോക്കിയപ്പോള്‍ മനസ്സിലായി. പുലികൂടാണ്! ആ വര്‍ഷം മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചത് കോളേജ് അവതരിപിച്ച കര്‍ണ്ണഭാരത്തിനാണ് . പിന്നീട് അതെ വര്‍ഷം ദേശിയ അന്തര്‍സര്‍വകലാശാല നാടകോത്സവത്തില്‍ അവര്‍ തന്നെ ഒന്നാമാതാവുകയും ചെയ്തു. ചന്ദ്രദാസന്‍ സാര്‍ , ദിലീപ്, ബിജിബാല്‍ തുടങ്ങിയവരൊക്കെ ആണ് നാടകത്തിന്റെ മുന്നിലും പിന്നിലും. അടുത്ത് ചെന്നപ്പോള്‍ മനസ്സിലായി അവിടെ അഭിനയിച്ചാല്‍ എനിക്ക് ഉറപ്പായിട്ടും അടികിട്ടും എന്ന്. അതുകൊണ്ട് തത്കാലം ആ പണി വേണ്ടാന്ന് വച്ച് ഞാന്‍ പടിയിറങ്ങി. സിനിമകളില്‍ ചെറിയ വേഷങ്ങളും സീരിയല്‍ നടനുമായ ദിലീപ് ഇപ്പോഴും നിറഞ്ഞു നില്കുന്നു എന്ന് വിശ്വസിക്കുന്നു. അറബികഥ എന്ന സിനിമയിലൂടെ ബിജിബാല്‍ നിങ്ങള്ക്ക് എല്ലാം സുപരിചിതന്‍. ചന്ദ്രദാസന്‍ സാര്‍ കേരളത്തിലെ നാടക രംഗത്ത് വളരെ സജീവമായ ഒരു പേരാണ്. എന്റെ ചെറിയ കഴിവുകളെ കണ്ടു വളരെ അധികം സഹായിച്ചിട്ടുള്ള ആ മഹാപ്രതിഭയെ അറിയില്ലാത്തവര്‍ ഈ വഴി ഒന്ന് പോയി നോക്കുക.
ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അഭിനയിക്കണം എന്ന് തോന്നും. അങ്ങനെ തോന്നുമ്പോള്‍ വയറു നിറയെ ചോറുണ്ടിട്ട് പുതച്ചു മൂടി കിടന്നുറങ്ങും ഞാന്‍. അല്ല പിന്നെ!!
